നിർമിതബുദ്ധി (എഐ) യുടെ രംഗത്തെ മത്സരത്തിൽ നിലവിലുളള മുന്നേറ്റം നിലനിർത്താൻ പുതിയ തന്ത്രവുമായി ഗൂഗിൾ. മുൻ ജീവനക്കാരെ കമ്പനിയിലേക്ക് തിരികെയെത്തിക്കാനാണ് നീക്കം. ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് 2025-ൽ നിയമിച്ച AI സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരിൽ 20 ശതമാനംപേർ മുൻ ജീവനക്കാരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണിത്. 2024-നെ അപേക്ഷിച്ച് പ്രമുഖ എതിരാളികളിൽ നിന്ന് AI ഗവേഷകർ ഗൂഗിളിലേക്ക് വരുന്നത് വർധിച്ചിട്ടുമുണ്ട്.
OpenAI, Meta, Anthropic തുടങ്ങിയ കമ്പനികളുമായി AI പ്രതിഭകൾക്കുവേണ്ടി നടത്തുന്ന മത്സരത്തിനിടെയാണ് കമ്പനിയുടെ പുതിയ തന്ത്രമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. AI-യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഞ്ചിനീയർമാരെ കമ്പനിയുടെ മികച്ച സാമ്പത്തിക അടിത്തറയും നൂതന കമ്പ്യൂട്ടേഷണൽ ഇൻഫ്രാസ്ട്രക്ചറും അടക്കമുള്ളവയുടെ പിന്തുണയോടെയാണ് ആകർഷിക്കുന്നതെന്ന് ഗൂഗിളിന്റെ കോമ്പൻസേഷൻ വിഭാഗം മേധാവി ജോൺ കേസി വെളിപ്പെടുത്തിയിട്ടുണ്ട്.
2023-ലെ പിരിച്ചുവിടലുകൾക്ക് ശേഷമാണ് മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനുള്ള ഗൂഗിളിന്റെ നീക്കം. 2023-ന്റെ തുടക്കത്തിൽ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജോലികൾ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷവും കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിടലുകളും സ്വയം വിരമിക്കലുകളും കമ്പനി തുടർന്നിരുന്നു. അതിനിടെ, ഈ ‘ബൂമറാങ്’ പ്രവണത ഗൂഗിളിന് പുറത്തേക്കും വ്യാപിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഐടി സെക്ടറിൽ ജീവനക്കാരുടെ തിരിച്ചു വരവ് വർദ്ധിച്ചുവരുന്നു എന്നാണ് എഡിപി റിസർച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
എഐ രംഗത്ത് നിലവിൽ മറ്റുകമ്പനികളെക്കാൾ ഗൂഗിൾ മുന്നിട്ടു നിൽക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം കമ്പനി അവരുടെ ഏറ്റവും പുതിയ Gemini 3 മോഡൽ പുറത്തിറക്കിയതോടെയാണ് ഗൂഗിൾ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തിയത്. ആൽഫബെറ്റിന്റെ ഓഹരി വില ഈ വർഷം 60 ശതമാനത്തിൽ കൂടുതൽ ഉയർന്നിരുന്നു.



