ജിമെയിൽ ഉപഭോക്താക്കൾ വർഷങ്ങളായി ഒരേ ഇമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരാണ്. കാരണം ഇമെയിൽ ഐഡിയിൽ മാറ്റങ്ങൾ വരുത്താൻ ജിമെയിൽ അനുവദിച്ചിരുന്നില്ല. എന്നാൽ ഈ സ്ഥിതി താമസിയാതെ മാറിയേക്കും ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിമെയിൽ ഐഡിയിൽ മാറ്റം വരുത്താനുള്ള സൗകര്യം ഒരുക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗൂഗിൾ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല; പക്ഷെ, ഗൂഗിൾ സപ്പോർട്ട് പേജിൽ വന്ന ചില മാറ്റങ്ങളുടെ ഭാഗമായി ‘ചേഞ്ച് ജിമെയിൽ അഡ്രസ്’ സെക്ഷനും വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജിമെയിൽ അഡ്രസ് മാറ്റം , എങ്ങനെ?
അതായത് പത്ത് വർഷം മുമ്പ് നിങ്ങൾ നിർമിച്ച അക്കൗണ്ട് യൂസർനെയിം എഡിറ്റ് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ പഴയ യൂസർ ഐഡി ബ്ലോക്ക് ചെയ്യുകയോ ഡേറ്റ നഷ്ടപ്പെടുകയോ ചെയ്യില്ലെന്നാണ് വിവരം. അതായത് പഴയ ഇമെയിൽ ഐഡിയിൽ വരുന്ന സന്ദേശങ്ങൾ ഇൻബോക്സിൽ എത്തും. ഒപ്പം നിലവിലെ ഐഡിയിലുള്ള സന്ദേശവും ലഭിക്കും.
ഏറെ ഉപകാരപ്രദമായ ഫീച്ചറാണെങ്കിലും, യൂസർനെയിം എത്രതവണ എഡിറ്റ് ചെയ്യാമെന്നതിൽ നിയന്ത്രണമുണ്ടാവും. ഒരിക്കൽ യൂസർ നെയിം മാറ്റിയാൽ പിന്നീട് അത് മാറ്റുന്നതിനായി 12 മാസം കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉപയോക്താക്കൾക്ക് അവരുടെ ജിമെയിൽ അഡ്രസ് പരമാവധി 3 തവണ വരെ മാറ്റാൻ സാധിച്ചേക്കും. കൂടാതെ, നിങ്ങളുടെ പഴയ അഡ്രസ് പിന്നീട് അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള പുതിയ യൂസർ നെയിം ആയി ഉപയോഗിക്കാനും കഴിയില്ല.
ഈ മാറ്റം എപ്പോഴെത്തും?
ഈ ഫീച്ചർ ഘട്ടം ഘട്ടമായി പുറത്തിറക്കാനാണ് ഗൂഗിളിന്റെ പദ്ധതി എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ ചില പ്രദേശങ്ങളിൽ മാത്രം ഇത് ലഭ്യമാക്കും. ഗൂഗിൾ മൈ അക്കൗണ്ട് വഴിയാവും ഐഡിയിൽ മാറ്റം വരുത്താനാവുക. ഏത് രീതിയിലാണ് ഗൂഗിൾ ഇത് നടപ്പാക്കുകയെന്ന് കാത്തിരുന്ന് കാണാം.



