ദുബായ്: 2026നെ വരവേൽക്കാൻ ഒരുങ്ങുന്ന ലോകത്തിന് വിസ്മയക്കാഴ്ചകൾ സമ്മാനിക്കാൻ ദുബായ് പൂർണസജ്ജമായി. പുതുവർഷാഘോഷങ്ങൾ സുരക്ഷിതവും ചിട്ടയുള്ളതുമാക്കാൻ വിപുലമായ സുരക്ഷാ-ഗതാഗത പദ്ധതികളാണ് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇഎസ് സി) ആവിഷ്കരിച്ചിരിക്കുന്നത്.
ദുബായ് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ഒരുക്കിയ ഒരുക്കങ്ങൾ വിശദീകരിച്ചത്. ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, ഹത്ത തുടങ്ങി ദുബായിയുടെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ ഇത്തവണ ആകാശവിസ്മയങ്ങൾ അരങ്ങേറും. ആകെ 48 വെടിക്കെട്ടുകളാണ് ഇത്തവണത്തെ പ്രത്യേകത. ദുബായ് ഫ്രെയിമിൽ ഇതാദ്യമായി വെടിക്കെട്ടും ഡ്രോൺ ഷോയും സംഘടിപ്പിക്കുന്നുണ്ട്.



