തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ശബരിമല സ്വർണക്കൊള്ള വിവാദം തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നൽ ഉണ്ടാക്കിയെന്നും നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു. തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാവണമെന്നും ആവശ്യമുയർന്നു. തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യാനായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനങ്ങൾ. 14 ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നേതൃത്വം എടുത്ത തീരുമാനം ഉചിതമായിരുന്നില്ല. കേസിൽ പ്രതിയായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചെന്ന തോന്നൽ പൊതു സമൂഹത്തിനുണ്ടായി. ശബരിമല വിവാദത്തിലെ എല്ലാതരത്തിലുള്ള പ്രശ്നങ്ങളും പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. താഴേതട്ടിൽ വീടുകൾ കയറി ഇറങ്ങി വോട്ടു ചോദിക്കുമ്പോൾ ശബരിമലയിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം പാർട്ടി പ്രവർത്തകർക്ക് കേൾക്കേണ്ടിവന്നു. അതിന് ഉത്തരം പറയാൻ താഴേത്തട്ടിൽ പ്രവർത്തിച്ച സഖാക്കൾക്ക് കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു.
ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടുവെന്നത് യാഥാർത്ഥ്യമാണെന്നും തിരിച്ചു പിടിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്നം നേരിടേണ്ടിവരുമെന്നും അംഗങ്ങൾ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്.



