തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വർണക്കൊള്ള പ്രചരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവർക്ക് എന്താണ് ഇതിലുള്ള പങ്കെന്ന് കൃത്യമായി തിരിച്ചറിയാത്തത് കൊണ്ടാണ് പാർട്ടി നടപടി സ്വീകരിക്കാത്തത്. മാധ്യമങ്ങളുടെ വഴിയിലൂടെപോയി നിലപാടും നടപടിയും എടുക്കുന്ന പാർട്ടിയല്ല സിപിഎം. അറസ്റ്റിലായവരുടെ പങ്ക് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നോട്ടക്കുറവ് ഉണ്ടായോ എന്ന് അറിയേണ്ടതായുണ്ട്. കുറ്റപത്രം ലഭിച്ചാൽ മാത്രമേ അത് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അത് വന്നു കഴിഞ്ഞാൽ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



