ദുബായ്: വർധിച്ചുവരുന്ന ജനസംഖ്യയും വിദേശ നിക്ഷേപകരുടെ ഒഴുക്കും കാരണം പുതുവർഷത്തിൽ ദുബായിലെ വാടക നിരക്ക് 6 ശതമാനം വരെ വർധിച്ചേക്കുമെന്ന് വിപണി വിദഗ്ധർ. ഗോൾഡൻ വീസ ഉടമകളുടെയും വിദേശ പ്രഫഷനലുകളുടെയും എണ്ണം കൂടുന്നതും ഫ്ലാറ്റുകളുടെയും വില്ലകളുടെയും ആവശ്യകത വർധിപ്പിക്കുന്നു.
പാം ജുമൈറ, ദുബായ് ഹിൽസ്, ഡൗൺടൗൺ ദുബായ്, ദുബായ് മറീന തുടങ്ങിയ ഭാഗങ്ങളിൽ ഫ്ലാറ്റുകൾക്ക് ആവശ്യമേറുന്നതിനാൽ മറ്റിടങ്ങളെ അപേക്ഷിച്ച് വാടക കുത്തനെ ഉയരാൻ സാധ്യതയുള്ളതും ഇവിടങ്ങളിലാണ്. ഇതിന് ആനുപാതികമായി മറ്റു സ്ഥലങ്ങളിലും വാടക ഉയരുമെന്നത് കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകും. 2024ലാണ് ദുബായിൽ ഏറ്റവും കൂടുതൽ വാടക വർധന രേഖപ്പെടുത്തിയത്.
വിവിധ മേഖലകളിൽ 10 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തി. ഈ വർഷം 10-13 % വരെയാണ് വാടക വർധിച്ചത്. തുടർച്ചയായി 3 വർഷങ്ങളിൽ വാടക വർധനയുണ്ടായതോടെ വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെടാതെ നട്ടം തിരിയുകയാണ് ഇടത്തരക്കാർ. ഇതേസമയം നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടങ്ങളിലായി നൂറുകണക്കിന് ഫ്ലാറ്റുകൾ എത്തുന്നതോടെ വാടക കുത്തനെ ഉയരുന്നത് തടയാൻ സഹായിക്കും.



