ആയിരക്കണക്കിന് വിദേശ താമസക്കാരെ ബാധിക്കുന്ന മാറ്റവുമായി കുവൈത്ത്. പുതിയ താമസ നിയമങ്ങൾ പ്രകാരം കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിദേശത്ത് കഴിയാവുന്ന പരമാവധി സമയം ആറ് മാസമായി കുവൈത്ത് നിജപ്പെടുത്തിയിരിക്കുകയാണ്. അതായത് മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികൾ നാട്ടിലേക്കോ മറ്റോ വന്നാൽ ആറ് മാസത്തിനുള്ളിൽ കുവൈത്തിൽ ജോലിക്കായി മടങ്ങിയെത്തണം. ഈ നിയമം നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും നടപ്പിലാക്കുന്നതിന് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അതിനിടെ വിദഗ്ദ്ധരായ തൊഴിലാളികളെയും നിക്ഷേപകരെയും നിലനിർത്തുന്നതിനായി അധികൃതർ ദീർഘകാല വിസാ സൗകര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താമസ, ജനസംഖ്യാ നയങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള സർക്കാരിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
പുതിയ നിയമപ്രകാരം കുവൈത്തിൽ റെസിഡൻസി പെർമിറ്റുള്ള പ്രവാസികൾക്ക് തുടർച്ചയായി ആറ് മാസത്തിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ കഴിയാൻ അനുവാദമില്ല. അനുവദനീയമായ കാലാവധിയിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് റദ്ദാക്കപ്പെടും. പ്രത്യേക ഇളവുകൾ ലഭ്യമല്ലാത്ത മിക്കവാറും എല്ലാ വിഭാഗം റെസിഡൻസികൾക്കും ഈ നിയമം ബാധകമാണ്.
ഈ നിയമത്തിൽ ചില പ്രധാന ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ, പ്രോപ്പർട്ടി ഉടമകൾ, കുവൈത്ത് സ്വദേശികളായ സ്ത്രീകളുടെ മക്കൾ എന്നിവരെ ഈ ആറ് മാസ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത്, ഇവർക്ക് റെസിഡൻസി പെർമിറ്റിനെ ബാധിക്കാതെ തന്നെ കൂടുതൽ കാലം വിദേശത്ത് കഴിയാൻ സാധിക്കും. ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക നിയമമാണ് ബാധകമാകുന്നത്. ബന്ധപ്പെട്ട അധികാരികൾ വഴി ഔദ്യോഗികമായി ലീവ് റിക്വസ്റ്റ് സമർപ്പിച്ചില്ലെങ്കിൽ, ഇവർക്ക് പരമാവധി നാല് മാസം വരെ മാത്രമെ കുവൈത്തിന് പുറത്ത് നിൽക്കാൻ അനുവാദമുള്ളൂ.
റെസിഡൻസി അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുന്നത് ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. നാല് മാസത്തിൽ കൂടുതൽ വിദേശത്ത് നിൽക്കേണ്ടി വരികയാണെങ്കിൽ, സ്പോൺസർമാർക്ക് ‘സഹേൽ’ ആപ്ലിക്കേഷൻ വഴിയോ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചോ ‘ലീവ് ഓഫ് ആബ്‌സൻസ്’ അപേക്ഷിക്കാവുന്നതാണ്. കൂടാതെ, ഗാർഹിക തൊഴിലാളികളുടെ പ്രായം 21-നും 60-നും ഇടയിലായിരിക്കണമെന്നും പുതിയ നിയമം നിർബന്ധമാക്കുന്നു. ജോലിയുടെ ശാരീരിക അധ്വാനം കണക്കിലെടുത്താണ് ഈ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.



