പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പില്‍ യുഎഇ. വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്ത പരിപാടികളാകും ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തവണ അരങ്ങേറുക. ആഗോളതലത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത പരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടും.
പുതുവര്‍ഷത്തില്‍ സഞ്ചാരികളെയും താമസക്കാരെയും വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കാകും ഇത്തവണ ദുബായ് വേദിയാവുക. നാളെ രാത്രി 40 കേന്ദ്രങ്ങളില്‍ ഒരുക്കുന്ന 48 വെടിക്കെട്ടുകളാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ ഡ്രോണുകളും ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കും. ബുര്‍ജ് ഖലീഫ, ഡൗൺടൗൺ ദുബായ്, ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കും.



