ലോസ് ആഞ്ജലീസ്: ‘ചാറ്റ് ജിപിടി’ എന്ന നിർമിതബുദ്ധി (എഐ) ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ഓപ്പൺ എഐ ‘ഹെഡ് ഓഫ് പ്രിപ്പയേഡ്നസ്’ തസ്തികയിലേക്ക് ആളെത്തേടുന്നു. വർഷം 5,55,000 ഡോളറാണ് (ഏകദേശം അഞ്ചുകോടി രൂപ) ശമ്പളം. ശക്തമായ എഐ ടൂളുകൾ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെ തടയുകയാണ് ‘ഹെഡ് ഓഫ് പ്രിപ്പയേഡ്നസി’ന്റെ ജോലി.
അതിശക്തമായ എഐ ടൂളുകൾ വൈകാതെ സ്വയം പഠിപ്പിക്കാൻ തുടങ്ങുമെന്നും മനുഷ്യകുലത്തിനെതിരേ തിരിയുമെന്നും ചില വിദഗ്‌ധർ ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് ചാറ്റ് ജിപിടി ‘ഹെഡ് ഓഫ് പ്രിപ്പയേഡ്നസി’നെ തേടുന്നത്.
ജോലി കഠിനമാണെന്ന് ഓപ്പൺ എഐ സിഇഒ സാം ഓൾട്മാൻതന്നെ പറഞ്ഞിട്ടുണ്ട്. ലോകത്തെ സഹായിക്കാനുള്ള നിർണായക ചുമതലയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ തസ്തികയിൽ മുൻപിരുന്ന പലരും വൈകാതെ പണിമതിയാക്കി എന്നതാണ് ചരിത്രം.



