തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില വ്യക്തികളെ മുന്നിൽനിർത്തി അവരെകൊണ്ട് വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകളാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തുവരുന്നത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
ഹീനമായ വർഗീയതയും വിദ്വേഷ പ്രചാരണവുമാണ് അവർ നടത്തുന്നത്. സംഘപരിവാർ നടത്തുന്ന അതേ വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. മുഖ്യമന്ത്രിയുടെ സർവ്വ അനുഗ്രഹങ്ങളോടും കൂടിയാണ് ഇത്തരം പരാമർശങ്ങൾ. മുഖ്യമന്ത്രിയുടെ നാവ് ആയാണ് വെള്ളാപ്പള്ളി ഇതെല്ലാം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഐയുടെ മുതിർന്ന നേതാവിനെ ചതിയൻ ചന്തുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. വേറെ ആളുകളെ കൊണ്ടുവന്ന് എൽഡിഎഫിലെ ഏറ്റവും വലിയ നേതാവിനെ വരെ ചീത്തവിളിപ്പിക്കുകയാണ്. അത് എൽഡിഎഫിൽ വലിയ കലാപമാണ് ഉണ്ടാക്കിയത്. എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകൾ ഒരു പത്രസമ്മേളനം തെരഞ്ഞെടുപ്പ് വരെയെങ്കിലും നടത്തണമെന്നും സതീശൻ പരിഹസിച്ചു.



