Monday, January 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ-ടെറ്റ്  നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി

കെ-ടെറ്റ്  നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ്  നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. 

‘സുപ്രീംകോടതി ഉത്തരവ് കെ ടെറ്റ് നിർബന്ധമാക്കി. ഇപ്പോൾ വീണ്ടും യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യും’- മന്ത്രി അറിയിച്ചു.

അധ്യാപക സംഘടന പ്രതിനിധികളുടെ പ്രതിഷേധം വിഷയം മനസിലാക്കാതെയാണെന്നും വെള്ളിയാഴ്ച ഇറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നതായും മന്ത്രി ശിവൻകുട്ടി പറഞ്ഞു. അധ്യാപകർക്ക് ഒപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനൽകിയിട്ടും കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ രംഗത്തെത്തിയിരുന്നു. 

യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയ്യാറെടുക്കവേ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടു.

2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ നടപടി. പുതുക്കിയ ഉത്തരവിലുണ്ടായിരുന്ന സുപ്രധാന മാറ്റങ്ങൾ;

ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.

സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.

എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.

സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.

ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments