ഡൽഹി: വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ് കമ്പാർട്ടുമെന്‍റുകളിൽ(സീറ്റിന് മുകളിലുള്ള ലോക്കറിൽ) സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ നവംബറിൽ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. വിമാനങ്ങളിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ഡിജിസിഎ നിർദേശം.
വിമാനയാത്രയ്ക്കിടെ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് സര്‍ക്കുലറെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനക്കമ്പനികൾ നൽകുന്ന ഇൻ-സീറ്റ് പവർ സപ്ലൈ സിസ്റ്റങ്ങളിൽ പ്ലഗ് ചെയ്ത് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് വിലക്കുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവര്‍ ബാങ്കിന് തീപിടിച്ചിരുന്നു. ഡൽഹിയിൽ നിന്നും നാഗാലാൻഡിലെ ദിമാപൂരിലേക്ക് പുറപ്പെടാനൊരുങ്ങിയ 6ഇ 2107 നമ്പർ വിമാനത്തിലായിരുന്നു സംഭവം. ടാക്സിയിങ്ങിനിടെയായിരുന്നു തീപിടിത്തം. യാത്രക്കാരന്‍റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിനാണ് തീ പിടിച്ചത്. തുടര്‍ന്ന് ക്യാബിൻ ജീവനക്കാര്‍ ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു



