Wednesday, January 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNationalവിമാനയാത്രയിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് കർശന നിരോധനവുമായി ഡിജിസിഎ

വിമാനയാത്രയിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് കർശന നിരോധനവുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ പാടില്ലെന്നും ഡിജിസിഎ നിർദേശിച്ചു. പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. വിമാനത്തിനുള്ളിൽ യാത്രയ്ക്കിടെ പവർ ബാങ്ക് അമിതമായി ചൂടാകുകയോ, പുക ഉയരുകയോ, ബാറ്ററി വീർക്കുകയോ ചെയ്താൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും കൈമാറിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്കിടെ പവർ ബാങ്കുകളുടെ പരിശോധന കർശനമാക്കാനും വിമാനത്തിനുള്ളിൽ യാത്രക്കാരെ ബോധവൽക്കരിക്കാനും ജീവനക്കാർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള ചെറിയ തീപിടിത്ത സംഭവങ്ങൾ കൂടി പരിഗണിച്ചാണ് ഈ കർശന നടപടിയെന്ന് ഡിജിസിഎ അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും, എല്ലാവരും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments