തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ വി.ഡി സതീശനെതിരായ സർക്കാർ നീക്കം നിയമോപദേശവും മറികടന്ന് . സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു.
പുനർജനി പദ്ധതിയിൽ സതീശൻ പണം വാങ്ങിയില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. വി.ഡി സതീശന്‍റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനർജനി ഫണ്ട് സതീശൻ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട്. വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോർട്ട്. 2025 സെപ്തംബർ 19ന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ലഭിച്ചത്.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശ നൽകിയതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. പതിനൊന്ന് മാസങ്ങൾക്ക് മുൻപാണ് ഇത്തരമൊരു ശിപാർശ നൽകിയിരുന്നത്. എന്നാൽ, വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം 2025 സെപ്തംബറിലാണ് സതീശനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി കത്ത് നൽകിയിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.



