Friday, January 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമോദിക്കും കേന്ദ്ര അമിത് ഷായ്ക്കും എതിരെ മുദ്രാവാക്യങ്ങൾ: വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല

മോദിക്കും കേന്ദ്ര അമിത് ഷായ്ക്കും എതിരെ മുദ്രാവാക്യങ്ങൾ: വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). ചൊവ്വാഴ്ച സർവകലാശാല പുറത്തുവിട്ട കുറിപ്പിലാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സർവകലാശാലകളെ ‘വെറുപ്പിന്റെ പരീക്ഷണശാലകളാ’ക്കി മാറ്റാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മുദ്രാവാക്യങ്ങൾ ഉയർന്നത്. 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പ്രകടനം നടത്തിയത്. ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാക്കളായിരുന്ന ഉമറും ഷർദീലും അഞ്ചു വർഷത്തിലേറെയായി ജയിലിലാണ്. 

പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും  അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതായി കാണിച്ച് സർവകലാശാല ഡൽഹി പോലീസിന് കത്തെഴുതിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമമോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല അധികൃതർ. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സർവകലാശാല അറിയിച്ചെങ്കിലും എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

മുദ്രാവാക്യം വിളിച്ചവരിൽ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അതിഥി മിശ്ര ഉൾപ്പെടെയുള്ള വിദ്യാർഥികളെ തിരിച്ചറിഞ്ഞതായി സർവകലാശാല അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സസ്പെൻഷൻ, പുറത്താക്കൽ, സ്ഥിരമായ വിലക്ക് എന്നിവയുൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments