Saturday, January 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പോകുന്നത് ശരിയായ ദിശയിൽ: സംസ്ഥാന പോലീസ് മേധാവി റവാഡ...

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പോകുന്നത് ശരിയായ ദിശയിൽ: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശരിയായ ദിശയിലാണ് കൊണ്ടുപോകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്‌ഐടിക്കുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണമുണ്ടായത്. എസ്‌ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ, ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴിനൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു.

കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.

ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ അറസ്റ്റിലായവർ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments