പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാല്‍സംഗ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണ് രാഹുലിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് പൊലീസ് നടപടി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു അറസ്റ്റ്. അതീവരഹസ്യമായി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് രാത്രി പന്ത്രണ്ടരയോടെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എ.ആര്.ക്യാംപില്‍ എത്തിച്ചു. തുടര്‍ന്ന് അന്വേഷണസംഘ മേധാവി ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങളും ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലമടക്കം ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്.
യുവതിയുടെ പരാതിയിൽ പറയുന്നത് ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നാണ്. തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ദിവസമാണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അതിനുശേഷം വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണ് ഉണ്ടായത്. മറ്റാരുടെയെങ്കിലും കുഞ്ഞാകുമെന്നും ആക്ഷേപിച്ചു. അതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്ക് പോയത്. പിന്നീട് രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭച്ഛിദ്രത്തിനായുള്ള കടുത്ത സമ്മർദ്ദമുണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് രാഹുലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് രാഹുൽ താനുമായി പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയതായും യുവതിയുടെ മൊഴിയിലുണ്ട്. മൊഴിയിൽ പറയുന്നത്, ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ്. എന്നാൽ, രാഹുൽ ഡിഎൻഎ പരിശോധനയോട് സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.



