ചെന്നൈ: അധികാരം ലഭിച്ചാൽ സഖ്യകക്ഷികൾക്കു മന്ത്രിസഭയിലും സ്ഥാനം വേണമെന്ന തമിഴ്നാട് കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തിനോടു മുഖംതിരിച്ച് ഡിഎംകെ. ഡിഎംകെ മുതിർന്ന നേതാവും തമിഴ്നാടു ഗ്രാമവികസന മന്ത്രിയുമായ ഐ. പെരിയസാമി അധികാരം പങ്കിടണമെന്ന സഖ്യകക്ഷിയുടെ ആഗ്രഹത്തെ മുളയിലേ നുള്ളി. സഖ്യകക്ഷികളുമായി അധികാരം പങ്കിടില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോൺഗ്രസിന്റെ ആവശ്യം പാർട്ടി എന്നനിലയിൽ അവരുടെ അവകാശമാണെന്നും ഡിഎംകെ മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കൂട്ടുകക്ഷി സർക്കാരിനെ ഒരിക്കലും ഡിഎംകെ അനുകൂലിച്ചിട്ടില്ലെന്നും പെരിയസാമി കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ അധികാരം പങ്കിടണമെന്ന ആവശ്യം തമിഴ്നാടു കോൺഗ്രസ് ഉയർത്തുന്നുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗം വിജയ്ക്കൊപ്പം സഖ്യം ചേരണമെന്ന ആവശ്യമുയർത്തുന്നതു പോലും ഈ കാരണം പറഞ്ഞാണ്. ഒപ്പം നിൽക്കുന്നവർക്ക് മന്ത്രിസഭയിലും സ്ഥാനം നൽകുമെന്നാണ് വിജയ് നയിക്കുന്ന ടിവികെയുടെ നിലപാട്.
സഖ്യം ചേർന്നു തിരഞ്ഞെടുപ്പിനെ നേരിട്ടാലും ഡിഎംകെയും എഐഎഡിഎംകെയും ഒറ്റയ്ക്കു ഭരിക്കുന്നതാണ് തമിഴ്നാടു രാഷ്ട്രീയത്തിലെ 1967 മുതലുള്ള കീഴ്‌വഴക്കം. 1952–57 കാലഘട്ടത്തിൽ സംസ്ഥാനത്തെ ആദ്യ നിയമസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന കോൺഗ്രസ് പിന്തുണച്ച പാർട്ടിക്കു പുറത്തുള്ള നേതാക്കളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2006-ൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും പിന്തുണ നൽകിയ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ ഡിഎംകെ തങ്ങളുടെ സർക്കാരിൽ പ്രവേശിപ്പിച്ചിരുന്നില്ല. അന്നും കോൺഗ്രസ് ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നതും ചരിത്രം.



