തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം.
കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എത്തിയിട്ടില്ല. യാത്രയിലാണ് ഉടനെയെത്തുമെന്ന് അറിയിച്ചു. വറുഗീസ് ജോര്‍ജ് ആര്‍ജെഡിയെ പ്രതിനീധികരിച്ച് പങ്കെടുക്കുന്നുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ: കേരളത്തിൽ പരിഗണിക്കുന്നത് മൂന്ന് റൂട്ടുകൾ; സമയം കുറയും, നിരക്ക് കൂടും
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്ന വികാരം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വികാരം നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളോട് അടുപ്പമുള്ള സമുദായ നേതൃത്വം വഴി ഇക്കാര്യം യുഡിഎഫിനെ ധരിപ്പിച്ചതായും സൂചനയുണ്ട്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചു പോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ ജയിക്കാനാകൂവെന്നും പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ കരുതുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



