Monday, January 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeScienceപിഎസ്എൽവി-സി 62 ദൗത്യം പരാജയം; പ്രശ്നം നേരിട്ടത് മൂന്നാം ഘട്ടത്തിൽ

പിഎസ്എൽവി-സി 62 ദൗത്യം പരാജയം; പ്രശ്നം നേരിട്ടത് മൂന്നാം ഘട്ടത്തിൽ

പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഐഎസ്ആർഒ. പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളോടെയാണ് ഡിആർഡിഒയുടെ ചാര ഉപഗ്രഹം ‘അന്വേഷ’ (ഇഒഎസ്-എൻ1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 62 ദൗത്യം തിങ്കളാഴ്ച രാവിലെ 10:17-ന് ആകാശത്തേക്ക് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യം വിക്ഷേപിച്ചത്. എന്നാൽ വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം പ്രശ്‌നങ്ങളുണ്ടാകുകയും ദൗത്യം പരാജയപ്പെടുകയുമായിരുന്നു.

ചെയർമാൻ വി. നാരായണന്റെ ഹ്രസ്വമായ വാർത്താസമ്മേളനം മാത്രമാണ് ഐഎസ്ആർഒയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായുണ്ടായ പ്രതികരണം. മൂന്നാം ഘട്ടത്തിൽ പ്രശ്‌നങ്ങൾ നേരിട്ടുവെന്നും ദൗത്യത്തിന്റെ സഞ്ചാരപാതയിൽ വ്യതിചലനമുണ്ടായെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണത്തിൽ ബഹിരാകാശവാഹനം മുന്നോട്ടുനീങ്ങുന്നതിന്റെ ഗ്രാഫിക്കൽ ദൃശ്യങ്ങളുണ്ടായിരുന്നു. മൂന്നാം ഘട്ടത്തിൽ 380-ാം സെക്കൻഡിന് ശേഷം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ബഹിരാകാശത്ത് വട്ടംകറങ്ങുന്നത് തത്സമയ വീഡിയോയിൽ കാണാം. ഈ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

മൂന്നാം ഘട്ടം വരെയുള്ള പിഎസ്എൽവി-സി 62-ന്റെ പ്രകടനം പ്രതീക്ഷിച്ചതുപോലെ തന്നെയാണ് മുന്നോട്ടുപോയതെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. എന്നാൽ മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടടുത്ത് വാഹനം ചില പ്രശ്‌നങ്ങൾ നേരിട്ടു. കൂടാതെ വാഹനം സഞ്ചാരപാതയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇത്രയും വിവരങ്ങളാണ് ലഭ്യമായതെന്നും ഗ്രൗണ്ട് സ്‌റ്റേഷനുകളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments