എൻ. ആർ. ഐ. കൌൺസിൽ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ നടത്തിയ പ്രവാസി ഭാരതീയ ദിവസിന്റെ മൂന്നുദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച തിരുവനന്തപുരത്തു സമാപിച്ചു. സമാപന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത്, പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങി വന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ഒരു വ്യക്തിയുടെ മകൾക്കു കൊടുക്കാനുള്ള വിവാഹ ധനസഹായം മുൻ മന്ത്രി എം. എം. ഹസ്സന് കൈമാറി. കാരുണ്യ പ്രവർത്തനങ്ങളിൽ വേൾഡ് മലയാളി കൌൺസിൽ ലോകത്തിനു മാതൃകയാണെന്നു എൻ. ആർ. ഐ. കൌൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹ്‌മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാനാ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രവാസികളെ ചടങ്ങിൽ ആദരിക്കയുണ്ടായി. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുള്ള ഒരു വേദികൂടിയായി ഭാവിയിൽ പ്രവാസി ഭാരതി ദിവസ് തീരണമെന്നും ഈ ധനസഹായ വിതരണം അതിനുള്ള മുന്നോടിയായി തീരട്ടെയെന്നുമുള്ള ജോസ് കോലത്തിന്റെ പ്രസംഗം വൻ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. WMC ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു ആശംസാ സന്ദേശം അറിയിച്ചു.
മുൻ മന്ത്രി കെ. ഇ. ഇസ്മായിൽ, MLA മാരായ വി. കെ. പ്രശാന്ത്, വി. ജോയ്, അഡ്വക്കേറ്റ് ജനറൽ കെ. പി. ജയചന്ദ്രൻ, ശശി പി. നായർ, കടക്കൽ രമേശ്, കോശി അലക്സാണ്ടർ, FOKANA (USA) പ്രസിഡന്റ് സജുമോൻ ആന്റണി, മുൻ പ്രസിഡന്റ്മാരായ ബി. മാധവൻ നായർ, പോൾ കറുകപ്പള്ളി, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവാസികളും മടങ്ങിവന്നവരും ചടങ്ങിൽ സംബന്ധിച്ചു.
മഹാത്മ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം കഴിഞ്ഞു ഇന്ത്യയിലേക്ക് മടങ്ങിഎത്തിയ ദിവസമായ ജനുവരി 9 ആണ് പ്രവാസി ഭാരതീയ ദിവസ് ആയി ആഘോഷിക്കയും തദവസരത്തിൽ വിവിധരംഗങ്ങളിൽ മികവ് പുലർത്തിയ പ്രവാസികളെ ആദരിക്കുകയും ചെയ്യുന്നത്.



