തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കെപിസിസിക്ക് പരാതി നൽകി അതിജീവിത. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കാണ് പരാതി നൽകിയത്. വ്യക്തിഹത്യ നടത്തുന്ന രീതിയിലും ധാർമികതയെ ചോദ്യം ചെയ്യുന്ന രീതിയിലും ശ്രീനാദേവി കുഞ്ഞമ്മ വീഡിയോ ചെയ്തെന്ന് പരാതിയിൽ പറയുന്നു.
ശ്രീനാദേവി കുഞ്ഞമ്മയെയും സൈബറിടത്തിൽ ആക്രമണം നടത്തുന്ന പാർട്ടി പ്രവർത്തകരേയും നേതൃത്വം ഇടപെട്ട് തടയണമെന്നാണ് പരാതിയിലെ ആവശ്യം. ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ ചോദ്യം ചെയ്തുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വീഡിയോ.
Read Also
‘കോഴിക്കോട്ടെ സിപിഎമ്മിന് ഒരേയോരു ലക്ഷ്യമേയുള്ളൂ, എല്ലാ വഴികളിലും താമരക്കുളം നനയ്ക്കുക’; ഫാത്തിമ തഹ്ലിയ
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത ഡിജിപിക്കും പരാതി നൽകിയിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വീഡിയോ ചെയ്തെന്നും സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്നും അതിജീവിത പരാതിയിൽ വ്യക്തമാക്കിയിരുന്നു. ശ്രീനാദേവിക്കെതിരെ കേസെടുക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാദേവി രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണ്. താൻ സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും ശ്രീനാദേവി പറഞ്ഞിരുന്നു.



