ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി. ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
‘രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്.
അതേസമയം, ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് താനും മകളും വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി ഗൗതമി രംഗത്ത് വന്നിരുന്നു. ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസം. ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ച ബിൽഡർ വ്യജരേഖ ചമച്ച് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഗൗതമി ആരോപിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഗൗതമി പരാതിയിൽ പറഞ്ഞിരുന്നത്.



