കോട്ടയം: കേരള കോൺഗ്രസ്-എം. ഇടതുമുന്നണിയിൽത്തന്നെ തുടരുമെന്ന് ജോസ് കെ. മാണി. ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് ജോസ് ഇടതു മുന്നണിയിൽത്തന്നെ തുടരുമെന്ന് വ്യക്തമാക്കിയത്. പാർട്ടിയിൽ ഭിന്നതയില്ല. കേരള കോൺഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എംഎൽഎമാരുമുണ്ടാവും. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘യേശുക്രിസ്തു പറയുന്നുണ്ട്, ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ’ എന്നു പറഞ്ഞായിരുന്നു ജോസ് കെ. മാണിയുടെ വാർത്താ സമ്മേളനം തുടങ്ങിയത്. എൽഡിഎഫിന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിന് അദ്ദേഹം വിശദീകരണവും നൽകി. രോഗിയെ സന്ദർശിക്കാനാണ് ദുബായിൽ പോയത്. ഇത് മുഖ്യമന്ത്രിയെയടക്കം ഉത്തരവാദപ്പെട്ട എല്ലാവരേയും അറിയിച്ചതുമാണ്. കേരള കോൺഗ്രസിലെ അഞ്ച് എംഎൽഎമാരും പരിപാടിയിലുണ്ടായിരുന്നു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെത്തന്നെയുണ്ടാകും. ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാട് ആവർത്തിച്ചുപറഞ്ഞതാണെന്നും ജോസ് കെ. മാണി പറഞ്ഞു.



