ശബരിമല: ഭക്ത ലക്ഷങ്ങളെ സാക്ഷിയാക്കി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു. ആകാശത്ത് മൂന്ന് തവണ മകര നക്ഷത്രം തെളിഞ്ഞതിനൊപ്പം ശബരിമല ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശ്രീകോവിൽ നടതുറന്നു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുന്നതിനിടെ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചു. ഇനി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് ഭക്തർ മലയിറങ്ങും. സന്നിധാനത്തും സമീപ പ്രദേശങ്ങളിലും പുല്ലുമേട്ടിലുമായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മകരവിളക്ക് ദർശനത്തിനായി കാത്തുനിന്നത്.
പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് ഭാരവാഹികൾ തിരുവാഭരണത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്ന് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിച്ച തിരുവാഭരണം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി.



