Thursday, January 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news,ലൈക്കുകളും നേതൃത്വവും,ധാർമികത മറക്കപ്പെടുന്ന കാലത്തിന്റെ മുന്നറിയിപ്പ്, ' ജെയിംസ് കൂടൽ എഴുതുന്നു

,ലൈക്കുകളും നേതൃത്വവും,ധാർമികത മറക്കപ്പെടുന്ന കാലത്തിന്റെ മുന്നറിയിപ്പ്, ‘ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

എന്നെന്നും പുതുപുത്തൻ വാർത്തകൾ, വിവാദങ്ങൾ. സമീപകാല കേരളത്തിലെ സംഭവങ്ങൾ സസൂക്ഷ്മം വീക്ഷിച്ചാൽ ചില കൗതുകങ്ങൾ കണ്ടെത്താം. ഈ ചർച്ചകൾ ഒരു വ്യക്തിയെയോ ഒരു കേസിനെയോ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ല. ഇത് നമ്മുടെ രാഷ്ട്രീയ പൊതു ജീവിതം ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്ന വലിയ ചോദ്യം ഉയർത്തുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ സംബന്ധിച്ച വിഷയത്തിൽ നിയമപരമായ ശരിതെറ്റുകൾ കോടതി തീരുമാനിക്കട്ടെ. എന്നാൽ, ഒരു ജനപ്രതിനിധി എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ട ഒരാളുടെ പെരുമാറ്റവും മൂല്യബോധവും പൊതുസമൂഹം വിലയിരുത്തുന്നത് ജനാധിപത്യത്തിന്റെ സ്വാഭാവിക അവകാശമാണ്.
ഇന്ന് സോഷ്യൽ മീഡിയയാണ് രാഷ്ട്രീയ അംഗീകാരത്തിന്റെ പ്രധാന അളവുകോൽ. ലൈക്കുകളും ഷെയറുകളും ഫോളോവേഴ്‌സും നേതൃഗുണങ്ങളുടെ അളവുകോലായി മാറുന്ന കാലമാണിത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന മൂല്യം മാത്രമാകരുത് നേതാക്കളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. ദൃശ്യ ജനപ്രീതി ധാർമികതയ്ക്കോ ഉത്തരവാദിത്വത്തിനോ പകരമാകില്ല. ഇത് തിരുത്തുക തന്നെ വേണം.

അതേസമയം, ബ്ലോഗുകളും യൂട്യൂബ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും വിവരദായകതയെക്കാൾ വികാരവ്യാപാരത്തിലേക്കാണ് നീങ്ങുന്നത്. ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും സംയമനം വിട്ട അവതരണങ്ങളിലൂടെ വിഷയങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ ഫലമായി ആവശ്യമായ ഗൗരവചർച്ചകൾ പിന്നിലാകുന്നു.

ഇവിടെ ഉന്നയിക്കേണ്ട ചോദ്യങ്ങൾ വ്യക്തമാണ്, ഒരു പൊതു പ്രവർത്തകൻ ഇത്തരമൊരു ആരോപണത്തിന്റെ കേന്ദ്രത്തിലാകുമ്പോൾ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഉത്തരവാദിത്വം എന്താണ്? ഇത് അറിഞ്ഞില്ലായിരുന്നോ, അല്ലെങ്കിൽ അറിഞ്ഞിട്ടും മൗനം പാലിച്ചോ? അറിയാൻ കഴിഞ്ഞില്ലെങ്കിൽ ,അറിഞ്ഞിട്ടും കൂടുതൽ അവസരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ, അത് വ്യക്തിയുടെ മാത്രം വീഴ്ചയല്ല.സംഘടനാപരമായ പരാജയമാണ്.

ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തി വിഷയം അവസാനിപ്പിക്കുന്നത് എളുപ്പമാണ്. പക്ഷേ, ഇത് നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിലെ ആഴത്തിലുള്ള രോഗലക്ഷണങ്ങളുടെ പ്രതിഫലനമാണ്. വാഗ്മിതയ്ക്കും സോഷ്യൽ മീഡിയ സ്വാധീനത്തിനും അമിത പ്രാധാന്യം നൽകുമ്പോൾ ധാർമികതയും ഉത്തരവാദിത്വവും പിന്നിലാകുന്നു.

കോടതിവിധി നിയമപരമായ അവസാനവാക്കായിരിക്കും. എന്നാൽ, സാമൂഹിക വിലയിരുത്തൽ ജനാധിപത്യത്തിന്റെ ആത്മാവാണ്. പൊതു ജീവിതത്തിലേക്ക് കടന്നുവരുന്നവർക്ക് നിയമപരമായ ശുദ്ധി മാത്രം പോര, ധാർമിക ഉത്തരവാദിത്വവും നിർബന്ധമാണ്. ലൈക്കുകൾ അധികാരം നൽകാം. പക്ഷേ, ധാർമികത മാത്രമാണ് വിശ്വാസം നിലനിർത്തുന്നത്. അത് നഷ്ടപ്പെട്ടാൽ, രാഷ്ട്രീയം ശബ്ദമുണ്ടാകുമെങ്കിലും അർഥം ഉണ്ടാകില്ല. മാറ്റങ്ങൾ ഉണ്ടാകട്ടെ……

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments