ഫെന്നി നൈനാന്‍ ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങളാണ് പുറത്തുവന്നത്. വിഷയങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് രാഹുലിനെ വീണ്ടും കാണാന്‍ ശ്രമിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ തന്നോട് വീണ്ടും അടുത്തത്. രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസും ട്രോമയും തന്നതിന്റെ ഫലമായാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും അതിജീവിത ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. അതിജീവിതയുടെ ശബ്ദസന്ദേശം ട്വന്റിഫോറിന് ലഭിച്ചു.
എന്നെ അധിക്ഷേപിക്കണം, വ്യക്തിഹത്യ നടത്തണം, സ്ലട്ട് ഷെയിം ചെയ്യണം, സൈബര്‍ ബുള്ളിയിംഗ് നടത്തണം, ഇനി മുന്നോട്ട് വരാനിരിക്കുന്ന സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഇതൊക്കെ കാണിച്ച് പേടിപ്പിക്കണം. നിശബ്ദതയിലാക്കണം എന്ന ഉദ്ദേശ്യത്തില്‍ മാത്രം ഫെന്നി നൈനാന്‍ പുറത്ത് വിട്ട കുറച്ച് സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റുകളും കുറച്ച് ലേറ്റായിട്ടാണ് ശ്രദ്ധിക്കുന്നത്. ഫെന്നിയെ ഞാന്‍ പരിചയപ്പെടുന്നത് 2024 ജൂലൈയിലാണ്. അന്ന് തൊന്ന് 2025 നവംബര്‍ വരെ ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു മനുഷ്യനെ എത്രത്തോളം ട്രോമയിലാക്കി സ്‌ട്രെസ് തന്ന് ട്രെയ്ന്‍ തന്ന് വേദനിപ്പിക്കാമോ, അതെല്ലാം ചെയ്തിട്ടാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. മാനസികമായും ശാരീരികമായും ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. ചാനലുകളിലൂടെയാണ് എന്നെപ്പോലെ വേറെയും സ്ത്രീകളുണ്ടെന്ന് കുഞ്ഞുങ്ങളുണ്ടെന്ന് അറിയുന്നത്. അതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജീവിതത്തിലുള്ള ഒരേയൊരു സ്ത്രീയാണ് ഞാനെന്നായിരുന്ന് കരുതിയായിരുന്നു ജീവിച്ചിരുന്നത് – അതിജീവിത പറയുന്നു.



