Saturday, January 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞ മാസം ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ 16 ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യ ശക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള ഗ്ലോറി ഇന്റർനാഷണൽ എഫ്.സെഡ്-എൽ.എൽ.സിയുടെ ‘വാലിയന്റ് റോർ’ എന്ന കപ്പൽ ഡിസംബർ എട്ടിനാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പിടിച്ചെടുത്തത്. അനധികൃതമായി ഇന്ധനം കടത്തിയെന്നാരോപിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ആകെയുള്ള 18 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. ഒരു ബംഗ്ലാദേശ് പൗരനും ഒരു ശ്രീലങ്കൻ പൗരനും സംഘത്തിലുണ്ട്.

ഡിസംബർ പകുതിയോടെയാണ് കപ്പൽ തടഞ്ഞുവെച്ച വിവരം ഇറാൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്. തുടർന്ന് ഡിസംബർ 14ന് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റ് നാവികർക്ക് കോൺസുലർ ആക്‌സസ് (നയതന്ത്ര ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അനുമതി) നൽകണമെന്ന് ആവശ്യപ്പെട്ട് ഇറാന് കത്ത് നൽകി. പിന്നീട് എംബസി തലത്തിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും നിരവധി തവണ ഈ ആവശ്യം ആവർത്തിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നാവികർക്ക് ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങളുമായി സംസാരിക്കാൻ അവസരം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ നാവികർ ഇറാനിൽ നിയമനടപടികൾ നേരിടുകയാണ്. ഈ ജുഡീഷ്യൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനും നാവികർക്ക് നിയമസഹായം ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്. ബന്ദർ അബ്ബാസിലെ കോൺസുലേറ്റ് കപ്പലുടമകളുമായും ഇറാനിലെ ഏജന്റുമാരുമായും ബന്ധപ്പെട്ട് കപ്പലിലേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കപ്പലിലെ ഭക്ഷണശേഖരം തീർന്നതിനെത്തുടർന്ന് ഈ മാസം ആദ്യം ഇന്ത്യൻ എംബസി ഇടപെട്ട് ഇറാൻ നേവി വഴി അടിയന്തര സഹായങ്ങൾ എത്തിച്ചിരുന്നു.

കപ്പൽ ഉടമകൾ നാവികർക്ക് ആവശ്യമായ നിയമസഹായം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സമ്മർദ്ദം ചെലുത്തുന്നുണ്ട്. തടവിലാക്കപ്പെട്ട നാവികരുടെ കുടുംബാംഗങ്ങൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അപേക്ഷ നൽകിയതിനെത്തുടർന്നാണ് ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. നാവികരുടെ മോചനത്തിനായി ഇറാൻ സർക്കാരുമായുള്ള ചർച്ചകൾ ഉയർന്ന തലത്തിൽ തുടരുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments