തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തെ വി ഡി സതീശൻ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്കിൽ കുറിച്ചു.
സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേതെന്നും എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന രാഹുൽ ഗാന്ധിയുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി പറയുന്നു.
പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്ക് കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ ശ്രമം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന സതീശൻ എൻ എസ്എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തുവന്നു. സീറോ മലബാർ സഭയുടെ സിനഡിൽ മറ്റൊരു കാറിൽ സതീശൻ പോയത് എന്തിനാണ്. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.



