ന്യൂഡൽഹി: പുതിയ വിമാന ഡ്യൂട്ടി സമയ പരിധി ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇനി വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ഇൻഡിഗോ എയർലൈൻസ്. വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്പനി ഇക്കാര്യം ഉറപ്പുനൽകിയത്.
പൈലറ്റുമാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് പരിഹരിച്ചതായും ആവശ്യത്തിന് ജീവനക്കാർ ഇപ്പോൾ ലഭ്യമാണെന്നും ഇൻഡിഗോ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ പൈലറ്റുമാരുടെ കുറവ് മൂലം ഇൻഡിഗോ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ഫെബ്രുവരി 10 വരെ ഡിജിസിഎ ഇൻഡിഗോയ്ക്ക് സമയം അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്ന് കമ്പനി അറിയിച്ചത്.
ഫെബ്രുവരി 10 ഓടെ 2,280 ക്യാപ്റ്റൻമാരെ ആവശ്യമാണെന്നിരിക്കെ നിലവിൽ 2,400 പേർ കമ്പനിക്കൊപ്പമുണ്ട്. 2,050 ഫസ്റ്റ് ഓഫീസർമാർ വേണ്ടയിടത്ത് 2,240 പേരുടെ സേവനം ഇപ്പോൾ ലഭ്യമാണ്.



