ആർട്ടെമിസ് 2 ദൗത്യത്തിലൂടെ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് നാസ. അപ്പോളോ ദൗത്യത്തിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് അയക്കാനുള്ള ആദ്യ ദൗത്യം. ഫെബ്രുവരി ആറിന് നാല് സഞ്ചാരികളുമായി പേടകം വിക്ഷേപിക്കാനാണ് പദ്ധതി.
പത്തു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ സഞ്ചാരികൾ ചന്ദ്രനെ ഒരു തവണ വലംവെച്ച് ഭൂമിയിൽ തിരികെയെത്തും. 1972-ലെ അവസാന അപ്പോളോ ദൗത്യത്തിനു ശേഷം ആദ്യമായി മനുഷ്യർ ചന്ദ്രനെ ചുറ്റി സഞ്ചരിക്കുകയും ഭൂമിക്ക് ചുറ്റുമുള്ള ലോ എർത്ത് ഓർബിറ്റ് വിട്ട് ആദ്യമായി മനുഷ്യർ യാത്ര ചെയ്യുകയും ചെയ്യുന്ന ആദ്യ ദൗത്യമായിരിക്കും ഇത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്ച്, കനേഡിയൻ സ്പേസ് ഏജൻസിയുടെ ജെറെമി ഹാൻസെൻ എന്നിവരാണ് ആർട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ഓറിയോൺ പേടകത്തിൽ യാത്ര ചെയ്യുക.
ഓറിയോൺ പേടകത്തിന്റെ കാര്യക്ഷമതയും മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ സാങ്കേതിക ക്ഷമതയും പരിശോധിക്കുക എന്ന പ്രഥമ ലക്ഷ്യമാണ് ഈ ദൗത്യത്തിനുള്ളത്. ഈ ദൗത്യത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാവും തുടർന്നുള്ള ആർട്ടെമിസ് ദൗത്യങ്ങളിൽ പേടകം ചന്ദ്രനിൽ ഇറക്കാനും മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കാനും ശ്രമിക്കുക.
നിങ്ങളുടെ പേരും ചന്ദ്രനിലയക്കാം
ആഗോള ജനതയ്ക്കിടയിൽ ദൗത്യത്തിന്റെ പ്രചാരണം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ലോക ജനതയ്ക്ക് ദൗത്യത്തിന്റെ ഭാഗമാകാൻ അവസരം ഒരുക്കുകയാണ് നാസ. ആർട്ടെമിസ് 2 പേടകത്തിൽ നിങ്ങളുടെ പേരുകളും ബഹിരാകാശത്തേക്ക് അയക്കാം. ഈ പേരുകൾ ശേഖരിച്ച എസ്.ഡി. കാർഡും ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്ക് അയക്കും.
ലക്ഷക്കണക്കിനാളുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്ന് നാസ പറയുന്നു. താത്പര്യമുള്ളവർക്ക്, ‘Send Your Name with Artemis’ എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു ഡിജിറ്റൽ ബോർഡിങ് പാസും ലഭിക്കും



