തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് കേരളത്തിനായി അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കുക. ഇതിനൊപ്പം ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറും ഫ്‌ളാഗ് ഓഫ് ചെയ്യും.
വെള്ളിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്യുന്ന മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളുടെയും റേക്കുകൾ കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. റെയിൽവേ തിരുവനന്തപുരം ഡിവിഷനും ദക്ഷിണ റെയിൽവേയും പുതിയ റേക്കുകളുടെ വിവിധ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ഏറ്റവുംപുതിയ ശ്രേണിയിലുള്ള ട്രെയിനാണ് അമൃത് ഭാരത് എക്‌സ്പ്രസ്. പൂർണമായും നോൺ എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. അതിവേഗത്തിലുള്ള യാത്രയ്ക്കായി പുഷ്പുൾ സാങ്കേതികവിദ്യയാണ് അമൃത് ഭാരതിലുള്ളത്. കുലുക്കം കുറയ്ക്കാനായി സെമി പെർമനന്റ് കപ്ലറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എയർ സ്പ്രിങ് സസ്‌പെൻഷൻ ബോഗികൾ, ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, കുഷ്യൻ സീറ്റുകളും ബെർത്തുകളും, മൊബൈൽഫോൺ ഹോർഡറുകൾ, റീഡിങ് ലൈറ്റുകൾ, സെൻസർ വാട്ടർ ടാപ്പ്, സുരക്ഷ ഉറപ്പാക്കാനായി സിസിടിവി ക്യാമറകൾ, ബയോ വാക്വം ടോയ്‌ലെറ്റ് തുടങ്ങിയവയൊക്കെയാണ് അമൃത് ഭാരത് ട്രെയിനുകളുടെ സവിശേഷതകൾ. ജനറലും സ്ലീപ്പറും അടക്കം ആകെ 22 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാവുക.
മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് കഴിഞ്ഞദിവസം റെയിൽവേ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര.
താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40-ന് പുറപ്പെട്ട് അന്നു രാത്രി 11.45-ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര.
ചർലപ്പള്ളി-തിരുവനന്തപുരം വണ്ടി(17041) ചർലപ്പള്ളിയിൽനിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042)ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപേട്ട, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര.



