ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് സ്വപ്ന തുല്യമായ ഭാവി മുന്നിൽ കാണുന്നവരുണ്ട്. മനുഷ്യരായ നമ്മുടെയെല്ലാം ജീവിതം എഐയുടെ സഹായത്താൽ ഏറെ ലളിതവും എളുപ്പമുള്ളതുമായി മാറുമെന്ന് ടെക്ക് കമ്പനികൾ പ്രവചിക്കുന്നു. എഐ പ്രചാരത്തിൽ വന്നാൽ മനുഷ്യന് പിന്നെ ജോലിയൊന്നും ചെയ്യേണ്ടിവരില്ലെന്നാണ് ഇലോൺ മസ്കിനെ പോലുള്ളവർ പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ കാര്യങ്ങൾ അൽപ്പം സങ്കീർണമാകാനാണ് സാധ്യത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്പന്നരാജ്യങ്ങളും വരുമാനം കുറവുള്ള രാജ്യങ്ങളും തമ്മിലുള്ള അന്തരം വർധിപ്പിക്കുമെന്നാണ് എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്.
ആമസോൺ, ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പാണ് ആന്ത്രോപിക് (Anthropic). കമ്പനിയുടെ ക്ലോഡ് എഐ മോഡലുകളുടെ ഉപയോഗത്തിന് പിന്നിലുള്ള സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് നടത്തിയ ഒരു പഠനത്തിലാണ് എഐയുടെ വർധിച്ചുവരുന്ന ഉപയോഗം സാമ്പത്തിക അസമത്വം വർധിക്കാൻ കാരണമായേക്കാമെന്ന മുന്നറിയിപ്പ് നൽകുന്നത്. ഇത് വരുമാനം കുറഞ്ഞ രാജ്യങ്ങളെ അപേക്ഷിച്ച് സമ്പന്ന രാജ്യങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കും. സമ്പന്ന രാജ്യങ്ങൾ എഐ സാങ്കേതികവിദ്യ വളരെ വേഗത്തിൽ സ്വായത്തമാക്കുന്നുണ്ടെന്നും എന്നാൽ വരുമാനം കുറഞ്ഞ രാജ്യങ്ങൾ ഈ വേഗത്തിനൊപ്പമെത്തുന്നതിന് തെളിവുകളൊന്നുമില്ലെന്നും ആന്ത്രോപിക് തങ്ങളുടെ ഗവേഷണങ്ങളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു.
ആന്ത്രോപികിന്റെ ഗവേഷണം അനുസരിച്ച് വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർ കൂടുതലും ക്ലോഡ് എഐയുടെ സൗജന്യ പതിപ്പ് ആണ് ഉപയോഗിക്കുന്നത്. പ്രധാനമായും പഠനാവശ്യങ്ങൾക്ക് വേണ്ടിയാണിത്. എന്നാൽ സമ്പന്നരാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ആവശ്യങ്ങൾക്കും ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടി ക്ലോഡ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്തുന്നു. ഈ സാഹചര്യം ഇരു വിഭാഗങ്ങളും തമ്മിലുള്ള അന്തരം വർധിപ്പിക്കാനേ വഴിവെക്കൂ എന്ന് ആന്ത്രോപിക് വിലയിരുത്തുന്നു.
അടുത്തിടെയാണ് ആന്ത്രോപിക് ബെംഗളുരുവിൽ പുതിയ ഓഫീസ് ആരംഭിച്ചത്. ഇറീന ഗോസ് ആണ് ആന്ത്രോപിക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ. ഇന്ത്യയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.



