Friday, January 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news"ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം, കൂടെയുള്ളവരെ നയിക്കാനുള്ള പ്രാപ്തി നേടണം": വിദ്യാർഥികളോട് സുനിത വില്യംസ്

“ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം, കൂടെയുള്ളവരെ നയിക്കാനുള്ള പ്രാപ്തി നേടണം”: വിദ്യാർഥികളോട് സുനിത വില്യംസ്

‘വീട്ടിൽനിന്ന് അകലെ ഒരു വീട്’ ബഹിരാകാശ നിലയത്തെക്കുറിച്ച്‌ തന്നെ കാത്തിരുന്ന വിദ്യാർഥികളോടായി സുനിത വില്യംസിന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു. നാസയിലെ 27 വർഷത്തെ സേവനത്തിന് ശേഷം വിലമതിക്കാനാകാത്ത അനുഭവങ്ങൾ പങ്കുവെക്കാൻ സാഹിത്യോത്സവത്തിൽ എത്തിയതായിരുന്നു അവർ. 2025 ഡിസംബറിൽ നാസയിൽനിന്നു വിരമിച്ച ശേഷം ബഹിരാകാശത്തെ അത്യപൂർവ നിമിഷങ്ങളും പരീക്ഷണങ്ങളും ആഘോഷങ്ങളും ദൃശ്യങ്ങളിലൂടെ കാണിച്ചുകൊടുത്തപ്പോൾ വിദ്യാർഥികൾ കരഘോഷത്തോടെ സ്വീകരിച്ചു. ഭൂമിയിൽനിന്നുള്ള യാത്ര മുതൽ ബഹിരാകാശത്തെ സ്വീകരണം വരെയുള്ള ദൃശ്യങ്ങൾ ബഹിരാകാശ സഞ്ചാരികളാകാൻ തയ്യാറെടുക്കുന്ന ഒരു തലമുറയ്ക്ക് പ്രചോദനം നൽകുന്നതായിരുന്നു.

എട്ട് ദിവസത്തെ സന്ദർശനത്തിനായി പോയ സുനിതയ്ക്കും സഹപ്രവർത്തകർക്കും സാങ്കേതിക തകരാറുകൾ കാരണം ഒൻപത് മാസമാണ് ബഹിരാകാശ നിലയത്തിൽ ചെലവഴിക്കേണ്ടി വന്നത്. സാധാരണ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവിടെയും നടക്കാറുണ്ടെന്നും എല്ലാ ദിവസവും പുതിയ എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു അവിടുത്തെ രീതിയെന്നും അവർ പറഞ്ഞു.

ബഹിരാകാശത്തെ ഭക്ഷണ വിതരണത്തെ അമേരിക്കയിലെ ‘ഊബർ ഈറ്റ്‌സ്’ പോലുള്ള സംവിധാനങ്ങളോടാണ് അവർ ഉപമിച്ചത്. കുടിക്കാനുള്ള വെള്ളം പോലും അവിടെ പുനരുൽപാദിപ്പിക്കുകയാണ് ചെയ്യുന്നത്. ശൂന്യതയിലെ നിശബ്ദതയിൽ ഹാലോയീൻ, ക്രിസ്മസ്, ജന്മദിനങ്ങൾ എന്നിവ ആഘോഷിച്ചതിന്റെ ചിത്രങ്ങളും സുനിത കുട്ടികൾക്കായി പങ്കുവെച്ചു.

നാവികസേനയിലെ ഹെലികോപ്റ്റർ പൈലറ്റായിരുന്ന കാലത്തെ പരിശീലനം ബഹിരാകാശ നിലയത്തിലെ സങ്കീർണ്ണമായ സംവിധാനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ എങ്ങനെ സഹായിച്ചെന്നും അവർ വ്യക്തമാക്കി. ബട്ടണുകൾ ഉപയോഗിച്ചിരുന്ന പഴയ രീതിയിൽനിന്ന് മാറി ഇന്ന് കമ്പ്യൂട്ടറുകളിലൂടെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്നും കൂടെയുള്ളവരെ നയിക്കാനുള്ള പ്രാപ്തി നേടണമെന്നും അവർ വിദ്യാർഥികളെ ഉപദേശിച്ചു.

സ്വപ്‌നങ്ങൾ സാക്ഷാത്കാരിക്കാനുള്ള യാത്രയിൽ കുട്ടികളെ വെല്ലുവിളിക്കുകയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബുദ്ധിശക്തി എന്ന ഘടകത്തിലുപരി ആകാംക്ഷയാണ് ഒരു വ്യക്തിക്കുണ്ടാവേണ്ടതെന്നും കുട്ടികളോട് പങ്കുവെച്ചു.

മധ്യവർഗ കുടുംബത്തിൽനിന്ന് വന്ന തനിക്ക് കുടുംബമായിരുന്നു ഏറ്റവും വലിയ പ്രചോദനം. ആദ്യത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷമാണ് ഇന്ത്യൻ പശ്ചാത്തലമുള്ള അച്ഛനിൽനിന്നു ജീവിതത്തിലെ വലിയൊരു അംഗീകാരം ലഭിച്ചതെന്നും അവർ ഓർത്തു.

ബഹിരാകാശത്ത് ആയിരിക്കുമ്പോൾ ഭൂമിയിലെ കടൽ, വളർത്തുമൃഗങ്ങൾ, കാറ്റ് എന്നിവയെ താൻ മിസ്സ് ചെയ്തിരുന്നുവെന്നും, ഈ സമയത്താണ് ‘ജേണലിങ്’ എന്ന പുതിയ ഹോബി തുടങ്ങിയതെന്നും സുനിത പറഞ്ഞു. വിവിധ വാർത്താവിനിമയ സംവിധാനങ്ങൾ ഉള്ളതിനാൽ കുടുംബവുമായി ബന്ധപ്പെടാൻ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സൂം വഴിയും വീഡിയോ അയച്ചും ഭൂമിയിലെ കാര്യങ്ങൾ ആസ്വദിച്ചതായി സുനിത കൂട്ടിച്ചേർത്തു.

ബഹിരാകാശ പര്യവേഷണത്തിനായി ചെലവിടുന്ന കോടിക്കണക്കിന് രൂപ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന് വാദിക്കുന്നവരോട് പരമ്പരാഗത ചിന്താഗതികൾ മാറ്റാനാണ് സുനിത ആവശ്യപ്പെടുന്നത്. ബഹിരാകാശനിലയത്തിൽ ജീവിക്കാൻ വേണ്ടി നടത്തുന്ന വെള്ളത്തിന്റെ പുനരുപയോഗം പോലുള്ള കണ്ടുപിടുത്തങ്ങൾ ഭാവിയിൽ മനുഷ്യരാശിയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഐൻസ്റ്റീന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, താൻ പരിശീലനം നൽകിയ യുവതലമുറയടക്കമുള്ള കുട്ടികൾ ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് സുനിത വില്യംസ് മടങ്ങിയത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments