മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.സിരിജഗന്‍ അന്തരിച്ചു. കൊല്ലം സ്വദേശിയായ അദ്ദേഹം ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെ കടവന്ത്രയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
കോടതിയുടെ അധികാരവും ശക്തിയും എന്തെന്ന് തന്റെ ജുഡീഷ്യൽ ജീവിതത്തിലൂടെ തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് എസ്.സിരിജഗൻ. നീതി തേടിയെത്തുന്നവർക്ക് കോടതി വിധിയുടെ പ്രയോജനം ഉത്തരവിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട് ലഭിക്കണമെന്നും ഉത്തരവുകൾ പ്രഹസനം ആവരുതെന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. കോടതി ഉത്തരവുകൾ പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. കോടതി അലക്ഷ്യ കേസുകളുടെ പ്രസക്തിയും മഹത്വവും സിരിജഗന്റെ സേവനകാലത്താണ് പലരും തിരിച്ചറിഞ്ഞതും. സിരിജഗൻ കോടതിക്ക് കാർക്കശ്യക്കാരനായ ജഡ്ജായിരുന്നില്ല.



