തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് ശ്രീ കെ ടി തോമസ്, ജന്മഭൂമി ദിനപത്രത്തിന്‍റെ മുൻ പത്രാധിപരും മുതിർന്ന എഴുത്തുകാരനുമായ നാരായണൻ എന്നിവർക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ എല്ലാ മലയാളികൾക്കും ഏറെ അഭിമാനകരമാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെ.
പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താവും മുൻ ജന്മഭൂമി എഡിറ്ററുമായ ശ്രീ പി. നാരായൺജിക്ക് ലഭിച്ച പദ്മവിഭൂഷൺ മാധ്യമ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അവരവരുടെ മേഖലയിൽ വലിയ സേവനങ്ങൾ സമൂഹത്തിന് നൽകിയ ഇരുവർക്കും അഭിനന്ദനങ്ങൾ.



