വാഷിങ്ടൻ: മാളിൽ ഷോപ്പിങ് നടത്തുന്നതിനിടെ വൃദ്ധയായ അമ്മയെ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുനിർത്തി ഉപദ്രവിച്ചതായി അമേരിക്കയിലെ ഇന്ത്യൻ വംശജയായ ഡോക്ടർ. സാൻ ഫ്രാൻസിസ്കോയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. നിഷ പട്ടേലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
മാളിൽ ഷോപ്പിങ് നടത്തുന്നതിനിടെ മാസ്ക് ധരിച്ച യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാർ അമ്മയെ സമീപിക്കുകയായിരുന്നുവെന്ന് ഡോ. നിഷ പറയുന്നു. ഏത് രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്ന് ചോദിച്ചു. തുടർന്ന് സ്പാനിഷ് സംസാരിക്കുമെന്ന് കരുതിയപ്പോൾ, ഏജന്റുമാർ സ്പാനിഷിൽ സംസാരിക്കാൻ തുടങ്ങി. ആ ഭാഷ സംസാരിക്കില്ലെന്ന് അമ്മ പറഞ്ഞപ്പോൾ ഏജന്റുമാർ ഓരോ രാജ്യങ്ങളുടെ പേര് പറഞ്ഞ് ഏത് രാജ്യത്ത് നിന്നുള്ളയാളാണെന്ന് ചോദിച്ചു. നിങ്ങളിൽ പലരുടെയും പ്രായത്തേക്കാൾ കൂടുതൽ കാലം താൻ അമേരിക്കയിലാണ് താമസിച്ചിരുന്നതെന്ന് അമ്മ മറുപടി നൽകിയെന്നും ഡോ. നിഷ വ്യക്തമാക്കി.
എങ്കിലും യുഎസ് പാസ്പോർട്ടിന്റെ ഫോട്ടോ ഏജന്റുമാരെ കാണിച്ചതിന് ശേഷം മാത്രമാണ് അമ്മയെ പോകാൻ അനുവദിച്ചതെന്നും 47 വർഷമായി ഈ രാജ്യത്ത് താമസിക്കുന്ന സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായെന്നും ഡോ. നിഷ കൂട്ടിച്ചേർത്തു.



