പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിച്ച് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുകയും നന്നായി പ്രവര്‍ത്തിക്കുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ഥികളാകും. ചിലപ്പോള്‍ മാറേണ്ട സ്ഥിതിയും വന്നേക്കാം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ കെ യു ജെനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ ഈ ശക്തമായ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടറിമാര്‍ അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന പതിവ് ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി അത്തരം പ്രഖ്യാപനങ്ങളെ പരോക്ഷമായി വിലക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ തന്നെ നയിക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടത്തി. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം മുഖ്യമന്ത്രി തുറന്ന് പറഞ്ഞില്ല. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്നും ഭവനസന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു



