ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കി. രോഗം പടരാതിരിക്കാൻ തായ്‌ലൻഡ്, നേപ്പാൾ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കോവിഡ് കാലത്ത് എന്ന പോലെയുള്ള കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും പനി പരിശോധിക്കണമെന്നും നിർദേശമുണ്ട്.
പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചതോടെ രോഗിയുമായി ബന്ധമുണ്ടായിരുന്ന നൂറിലേറെ പേരാണ് ക്വാറന്റൈനിൽ ഉള്ളത്. ആശുപത്രിയിലെ ഒരു ഡോക്ടർ, നഴ്‌സ്, മറ്റ് ജീവനക്കാർ എന്നിവർ പരിശോധനയിൽ നിപ പോസിറ്റീവായിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചത്.



