തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി 12-ാം ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള സുപ്രധാനമായ നീക്കമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎ കുടിശ്ശിക മൂന്ന് മാസത്തിനകം സമയബന്ധിതമായി കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശ്ശികയുള്ള മുഴുവൻ ഡിഎയും നൽകാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു ഗഡു ഡി.എ. ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡി.എ./ഡി.ആർ. കുടിശ്ശികകൾ ഘട്ടംഘട്ടമായി പൂർണമായും കൊടുത്തുതീർക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഈ സാമ്പത്തികവർഷത്തെ ബജറ്റിൽത്തന്നെ കുടിശ്ശികകൾ തീർക്കുന്നതിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹൗസ് ബിൽഡിങ് അഡ്വാൻസ് പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



