തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേമത്ത് മത്സരിക്കാമോ എന്ന് ചോദിച്ച് മന്ത്രി വി. ശിവൻകുട്ടി. ഇത് ഒരു വെല്ലുവിളിയല്ല, അപേക്ഷയാണെന്നും മന്ത്രി പറഞ്ഞു. ബിജെപി ക്കെതിരെ വലിയ പോരാട്ടത്തിലാണെങ്കിൽ നേമത്ത് സതീശൻ മികച്ച മത്സരം കാഴ്ചവക്കട്ടെ.ആർഎസ്എസിനെതിരെ പോരാടി നിന്നയാളാണ് താൻ.വി.ഡി സതീശൻ അങ്ങനെയാണോ എന്നും വി ശിവൻകുട്ടി ചോദിച്ചു.
ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനും ശിവൻകുട്ടി മറുപടി പറഞ്ഞു. ‘പൂച്ചയെ പോലും പ്രസവിക്കാൻ സമ്മതിക്കില്ല, പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ. ഇങ്ങനെ ആക്ഷേപിക്കാൻ എന്തിരിക്കുന്നു ? ഇത്തരം നിലവാരമാണ് ഇയാൾക്ക്. അദ്ദേഹത്തിന്റെ കാറിന് ഡീസൽ അടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ?, ശമ്പളം മുടങ്ങിയില്ലല്ലോ ? അപ്പോൾ ഖജനാവിൽ പണമുണ്ട്’ എന്നും ശിവൻകുട്ടി പറഞ്ഞു. ഞങ്ങൾ അവതരിപ്പിച്ച ബജറ്റ് ഞങ്ങൾ തന്നെ നടപ്പിലാക്കിക്കോളാമെന്നും മുഖ്യമന്ത്രിയാവാൻ കോൺഗ്രസിൽ നാലു പേർ ട്രെയിനിങ്ങിലാണെന്നും അദ്ദേഹം പറഞ്ഞു.
പോറ്റിയും ഗോവർദ്ധനും എല്ലാം സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളു. അത് ചോദിക്കാൻ പാടില്ലേ ? സംഘികുട്ടി എന്ന് എന്നെ വിളിച്ചു. ആർഎസ്എസിനെതിരെ പോരാടി നിന്നയാളാണ് ഞാൻ എന്നും ശിവൻകുട്ടി പറഞ്ഞു.



