ആൽഫാ ജീനോം എന്ന പുതിയ നിർമ്മിതബുദ്ധി (AI) ടൂൾ പുറത്തിറക്കി ഗൂഗിൾ ഡീപ് മൈൻഡ്. രോഗങ്ങൾക്ക് കാരണമാകുന്ന ജനിതക മാറ്റങ്ങൾ തിരിച്ചറിയാനും പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും രൂപകൽപ്പന ചെയ്തതാണിത്.
ഡിഎൻഎ കോഡിലെ 10 ലക്ഷം അക്ഷരങ്ങൾ വരെ ആൽഫാ ജീനോമിന് ഒരു സമയം വിശകലനം ചെയ്യാൻ കഴിയും. ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പലതരം കാൻസറുകൾ തുടങ്ങിയ പല പാരമ്പര്യ രോഗങ്ങളും ജീനുകളിലെ മാറ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഏത് പരിവർത്തനങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് തിരിച്ചറിയുന്നത് ഗവേഷകർക്ക് വലിയ വെല്ലുവിളിയായിരുന്നു.
മനുഷ്യന്റെയും എലിയുടെയും പൊതുവായി ലഭ്യമായ ജനിതക ഡാറ്റ ഉപയോഗിച്ചാണ് ആൽഫാ ജീനോമിനെ പരിശീലിപ്പിച്ചത്. തലച്ചോറ്, കരൾ തുടങ്ങിയ അവയവങ്ങളിലെ ജീവശാസ്ത്രപരമായ പ്രക്രിയകളെ ജീനുകളുടെ പരിവർത്തനങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ടൂളിന് പ്രവചിക്കാൻ കഴിയും.
കാൻസർ, മറ്റ് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ജനിതക മേഖലകൾ തിരിച്ചറിയാൻ ആൽഫാ ജീനോം സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. പ്രത്യേക കോശങ്ങളിൽ ജീനുകൾ പ്രവർത്തനക്ഷമമാക്കുന്ന ഡിഎൻഎ ശ്രേണികൾ രൂപകൽപ്പന ചെയ്യാൻ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കുന്നതിലൂടെ ജീൻ തെറാപ്പിയുടെ വികസനത്തെ ഇത് പിന്തുണച്ചേക്കാം.
ആൽഫാ ജീനോമിനെ ഒരു വലിയ മുന്നേറ്റമായാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ നിർമിതബുദ്ധിയുടെ പ്രവചനങ്ങൾ ലബോറട്ടറി പരീക്ഷണങ്ങൾക്ക് പകരമാകുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.



