ഇംഫാൽ: രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പുരിൽ ബിജെപി സർക്കാർ അധികാരമേറ്റു. ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച വൈകിട്ട് ഇംഫാലിലെ ലോക്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
മുഖ്യമന്ത്രിക്ക് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്തു. ബിജെപിയുടെ നെംചാ കിപ്‌ജെൻ, നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ ലോസി ദിഖോ എന്നിവരാണ് പുതിയ ഉപമുഖ്യമന്ത്രിമാർ. കുക്കി വിഭാഗത്തിൽ നിന്ന് ആദ്യമായി ഉപമുഖ്യമന്ത്രിയാകുന്ന ആളാണ് നെംചാ. ബിജെപിയുടെ ഗോവിൻദാസ് കൊൻതൗജം, നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ഖേ ലോകേൻ എന്നിവർ മന്ത്രിമാരായും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി എംഎൽഎമാരും സംസ്ഥാനത്തെ മുതിർന്ന പാർട്ടി ഭാരവാഹികളും എൻഡിഎ നേതാക്കളും സന്നിഹിതരായിരുന്നു.
വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.



