തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍മോചിതനായി. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് പോറ്റി പുറത്തിറങ്ങിയത്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ് ജയിലിലായിരുന്നു പോറ്റി.
ഉപാധികളോടെയാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ദ്വാരപാലക ശില്പ കേസിലും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായത് കാട്ടി ഉണ്ണികൃഷ്ണന് പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. 2025 നവംബര്‍ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലാകുന്നത്.



