ടൊറന്റോ: ടൊറന്റോയിലെ തിരക്കേറിയ ഷോപ്പിങ് മാളിന്റെ പാർക്കിങ്ങിൽ കർണാടക സ്വദേശിയായ ഇന്ത്യൻ വംശജനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടൺ സ്വദേശിയും ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയ്ക്കടുത്തുള്ള ത്യാഗൊണ്ടള്ളി ഗ്രാമം സ്വദേശിയുമായ ചന്ദൻ കുമാർ രാജ നന്ദകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെ റെക്സ്ഡെയ്ൽ ബൊളിവാർഡിന് സമീപമുള്ള വുഡ്ബൈൻ ഷോപ്പിങ് സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിന്നാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണം നടക്കുമ്പോൾ ചന്ദൻ തന്റെ എസ്യുവിയിൽ ഇരിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ചന്ദനെ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ വാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.സംഭവം പൊതുജനങ്ങൾക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്ന് ടിപിഎസ് ഇൻസ്പെക്ടർ എറോൾ വാട്സൺ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. സംസ്ഥാന പൊലീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ചിക്കബല്ലാപുര എംപി ഡോ.കെ.സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.



