ചണ്ഡീഗഡ് : പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മുൻ ഗ്രാമ സർപഞ്ചിന്റെ മകൻ കുൽദീപ് സിങ്ങാണ് ചൊവ്വാഴ്ച ഭാര്യ ഹർകീർത്തൻ കൗറിനെ കൊലപ്പെടുത്തിയത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു ശേഷം കുൽദീപ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കുൽദീപ് ഭാര്യയെ നിരന്തരമായി മർദിക്കുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. പൊലീസ് കുൽദീപ് സിങ്ങിനെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ ഹർകീർത്തന്റെ മൃതദേഹം കണ്ടെത്തി. ഇരുവർക്കും പത്തും എട്ടും വയസുള്ള രണ്ട് പെൺമക്കളും ആറ് വയസുള്ള മകനുമുണ്ട്. കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയും പരിശോധിക്കുന്നുണ്ട്.
വീഡിയോയിൽ കുൽദീപ് യുവതിയെ ആവർത്തിച്ച് അടിക്കുന്നത് കാണാം. പിന്നീട് കോടാലി പോലെയുള്ള വസ്തു ഉപയോഗിച്ച് ആവർത്തിച്ച് അടിക്കുന്നതും യുവതിയുടെ ചലനം നിലയ്ക്കുന്നതുവരെ മർദനം ആവർത്തിക്കുന്നതും കാണാം. അവസാനം, “ഞാൻ അവളെ കൊന്നു” എന്ന് പഞ്ചാബിയിൽ പറയുന്നതും വീഡിയോയിൽ കേൾക്കാം.



