വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ ചരിത്രപരമെന്ന് പ്രകീർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസുമായി വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളിലേക്ക് കൽക്കരി കയറ്റുമതി ഗണ്യമായി വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ”മാസങ്ങൾക്കകം ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾ ചരിത്രപരമായ വ്യാപാരക്കരാറുകൾ ഉണ്ടാക്കി. ഞങ്ങളുടെ കൽക്കരി കയറ്റുമതി അങ്ങനെ വർധിപ്പിക്കാൻ കഴിഞ്ഞെന്നും ബുധനാഴ്ച ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടിലെത്തിയതായി ഇന്ത്യയും യു.എസും പ്രഖ്യാപിച്ചത്.
അഞ്ചുവർഷത്തിനകം 500 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് കരാറിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കരാർ അനുസരിച്ച് എല്ലാ യു.എസ് വ്യവസായിക ഉൽപന്നങ്ങൾക്കും വിവിധ ഭക്ഷ്യ, കാർഷിക ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യും. സമുദ്രോൽപന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതിക വിദ്യകൾ തുടങ്ങി കയറ്റുമതി രംഗത്തെ നിരവധി മേഖലകൾക്ക് വ്യാപാരക്കരാർ കരുത്തായി മാറുമെന്നാണ് കരുതുന്നത്.



