നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ചന്ദ്രദൗത്യത്തിന്റെ വിക്ഷേപണം സാങ്കേതിക തകരാറുകൾ കാരണം ഇനിയും വൈകിയേക്കും. സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിന്റെ അപ്പർ സ്റ്റേജിൽ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസ്സമാണ് നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ പരീക്ഷണങ്ങൾക്കിടെ കണ്ടെത്തിയ ഇന്ധനച്ചോർച്ച പരിഹരിക്കുകയും വെറ്റ് ഡ്രസ് റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതോടെ, മാർച്ച് ആറിന് വിക്ഷേപണം നടക്കാനിടയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
ഫെബ്രുവരി 21-ന് രാത്രി നടന്ന പരിശോധനയ്ക്കിടയിലാണ് ഹീലിയം പ്രവഹിക്കുന്നതിൽ തടസ്സം കണ്ടെത്തിയത്. ഇന്ധന ടാങ്കുകളെ കൃത്യമായ മർദ്ദത്തിൽ നിലനിർത്തുന്നതിനും എൻജിൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഹീലിയം അനിവാര്യമാണ്. ഈ തകരാർ കാരണം ലോഞ്ച് പാഡിൽ വെച്ച് റോക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇനി സാധിക്കില്ല. അതുകൊണ്ട് തകരാർ പരിഹരിക്കുന്നതിനായി ലോഞ്ച് പാഡ് 39 ബിയിൽ നിന്ന് റോക്കറ്റും ഒറിയോൺ പേടകവും വെഹിക്കിൾ അസംബ്ലി ബിൽഡിംഗിലേക്ക് തിരികെ മാറ്റാൻ നാസ തയ്യാറെടുക്കുകയാണ്.
ഈ സാഹചര്യത്തിൽ മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം നടക്കാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. മാർച്ച് മാസത്തിലെ വിക്ഷേപണ സമയം (ലോഞ്ച് വിൻഡോ) അവസാനിച്ചാൽ. ഏപ്രിൽ മാസത്തിലെ അനുയോജ്യമായ സമയം കണ്ടെത്തേണ്ടി വരും.
അമ്പത് വർഷങ്ങൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ദൗത്യമാണിത്. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച് (നാസ), ജെറമി ഹാൻസെൻ (സി.എസ്.എ) എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിൽ പങ്കെടുക്കുന്നത്.
നിലവിൽ റോക്കറ്റ് സുരക്ഷിതമായ അവസ്ഥയിലാണെന്നും തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിദഗ്ധ സംഘം തുടരുകയാണെന്നും നാസ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിട്ടേക്കും.



