Thursday, February 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് ഡേറ്റാ മോഷണം: മെക്‌സിക്കൻ ഗവൺമെന്റ് നെറ്റ്വർക്കുകളിൽ ഗുരുതര വീഴ്ച

എഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് ഡേറ്റാ മോഷണം: മെക്‌സിക്കൻ ഗവൺമെന്റ് നെറ്റ്വർക്കുകളിൽ ഗുരുതര വീഴ്ച

എഐയുടെ അപകടങ്ങളെപ്പറ്റി ആശങ്ക പങ്കുവെച്ചവർ നിരവധിയാണ്. പ്രമുഖ എഐ കമ്പനികളിൽ വിദഗ്ധർപോലും അതിൽ ഉൾപ്പെടുന്നു. ആശങ്കകൾ കൃത്യമായിരുന്നുവോ എന്ന ചോദ്യമുയർത്തുന്ന സംഭവമാണ് മെക്‌സിക്കോയിൽനിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. എഐ ഉൾപ്പെട്ട ഗുരുതരമായ സൈബർ സുരക്ഷാ വീഴ്ച മെക്‌സിക്കൻ ഗവൺമെന്റ് നെറ്റ്വർക്കുകളിലാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വിവരം. ഹാക്കർമാർ എഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് വലിയ തോതിലുള്ള ഡേറ്റാ മോഷണം നടത്തി എന്നാണ് വെളിപ്പെടുത്തൽ.

ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നു. ഹാക്കർമാർ ഔദ്യോഗിക നെറ്റ്‌വർക്കിൽ പ്രവേശിക്കുകയും നികുതിദായകരുടെ വിശദാംശങ്ങൾ, സുപ്രധാന സർക്കാർ രേഖകൾ, ജീവനക്കാരുടെ ലോഗിൻ വിവരങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 150 ജിബി ഡേറ്റ മോഷ്ടിക്കുകയും ചെയ്തു.

നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കമ്പനിയാണ് ആന്ത്രോപിക്. കമ്പനിയുടെ സുരക്ഷാ വിഭാഗം മേധാവി മൃണാങ്ക് ശർമ അടുത്തിടെ രാജിവെച്ചിരുന്നു. രാജിയുടെ യഥാർഥ കാരണം അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും ഗുരുതര ആശങ്കകൾ ഉയർത്തുന്ന പരാമർശങ്ങളാണ് രാജിക്കത്തിൽ ഉണ്ടായിരുന്നത്. ലോകം അപകടത്തിലാണ് എന്ന പരാമർശമായിരുന്നു ഏറ്റവും ശ്രദ്ധേയം. എഐ ടൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാകാം രാജിക്ക് പിന്നിലെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെയാണ് മെക്‌സിക്കോയിൽ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്.

വമ്പൻ ഡേറ്റാ മോഷണം കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആഴ്ചകളോളം അത് നീണ്ടുനിന്നു. ഹാക്കർ എഐയെ ആശ്രയിച്ചാണ് പ്രവർത്തിച്ചതെന്ന് സംഭവം ട്രാക്ക് ചെയ്ത സൈബർ സെക്യൂരിറ്റി സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്. ഹാക്കർ ക്ലോഡ് എഐ ടൂൾ ഉപയോഗിച്ച് സർക്കാർ നെറ്റ്‌വർക്കുകളിലെ ദുർബലമായ ഘടകങ്ങൾ കണ്ടെത്തുകയും ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുകയും ഡേറ്റ ചോർത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.

ചാറ്റ്‌ബോട്ട് അതിന്റെ സുരക്ഷാ പരിധി ലംഘിച്ചുവെന്ന കണ്ടെത്തൽ ഭയാനകമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ക്ലോഡ് ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ ശ്രദ്ധാപൂർവമായ ആവർത്തിച്ചുള്ള പ്രോംപ്റ്റുകളിലൂടെ ഹാക്കർക്ക് ഈ നിയന്ത്രണങ്ങൾ മറികടക്കാൻ കഴിഞ്ഞതായാണ് കണ്ടെത്തൽ. അങ്ങനെ ആക്രമണം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും എഐ നിർബന്ധിതമായി.

അന്ത്രോപിക് ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടപെടൽ നടത്തിയതായും ദുരുപയോഗം കണ്ടെത്തിയ എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായും കമ്പനി വ്യക്തമാക്കുന്നു. ഏറ്റവും പുതിയ എഐ മോഡലായ ക്ലോഡ് ഓപസ് 4.6-ൽ ഇത്തരം ദുരുപയോഗം തടയുന്നതിനായുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, ക്ലോഡ് മാത്രമല്ല മറ്റ് എഐ ടൂളുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചാറ്റ്ജിപിടിയും ഹാക്കർ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സങ്കീർണ്ണമായ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളിൽ എങ്ങനെ കയറിക്കൂടാം, ശ്രദ്ധയിൽപ്പെടാതെ എങ്ങനെ പ്രവർത്തിക്കാം എന്നൊക്കെയുള്ള കാര്യങ്ങളിൽ സാങ്കേതിക അറിവ് നേടാൻ എഐ ടൂൾ സഹായിച്ചു. തങ്ങളുടെ നിയന്ത്രണങ്ങൾ മറികടക്കാനുള്ള ശ്രമങ്ങൾ കണ്ടെത്തിയെന്നും നീക്കങ്ങൾ തടഞ്ഞെന്നും ഓപ്പൺഎഐ പറയുന്നു.

ആക്രമണത്തിനു പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഔദ്യോഗികമായി ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. ഏതെങ്കിലും വിദേശ സർക്കാരിന് ഇതിൽ പങ്കുണ്ടോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഡേറ്റയുടെ ദുരുപയോഗ സാധ്യത ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മോഷ്ടാക്കളുടെ ലക്ഷ്യമെന്തെന്നും വ്യക്തമായിട്ടില്ല. എങ്കിലും നൂതന എഐ ടൂളുകളുടെ ദുരുപയോഗം സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്നതാണ് സംഭവം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments