ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ ഓസ്ട്രേലിയയുമായി കൈകോർത്ത് ഐ.എസ്.ആർ.ഒ. ഗഗൻയാനുവേണ്ടിയുള്ള നിരീക്ഷണകേന്ദ്രം ഓസ്ട്രേലിയയിലെ കൊക്കോസ് ദ്വീപിൽ ഉടൻ സ്ഥാപിക്കും. ഇതിനുവേണ്ടിയുള്ള ഐ.എസ്.ആർ.ഒ.യുടെ ട്രാക്കിങ് ആന്റിനയും അനുബന്ധ സാമഗ്രികളും കൊക്കോസ് ദ്വീപിലെത്തിച്ചു. കൊക്കോസ് ദ്വീപിലെ ഓൾഡ് ക്വാറന്റീൻ സ്റ്റേഷന്റെ അഞ്ചാം സൈറ്റിൽ ഇവ എത്തിയതായി ഓസ്ട്രേലിയൻ സ്പെയ്സ് ഏജൻസി അറിയിച്ചു.
ഗഗൻയാന് 360 ഡിഗ്രി ട്രാക്കിങ് ആന്റിനയുടെ പ്രവർത്തനം അനിവാര്യമാണ്. ഇത് പ്രവർത്തിപ്പിക്കാൻ കൊക്കോസ് ദ്വീപിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്നാണ് കണ്ടെത്തൽ. ഗഗൻയാൻ ദൗത്യത്തിലെ സഹകരണത്തിന് 2024-ൽ ഓസ്ട്രേലിയൻ സ്പെയ്സ് ഏജൻസിയുമായി ഐ.എസ്.ആർ.ഒ. കരാറിലേർപ്പെട്ടിരുന്നു. ദൗത്യത്തിനുശേഷം പേടകത്തിന്റെ ക്രൂ മൊഡ്യൂളിന്റെയും ബഹിരാകാശ സഞ്ചാരികളുടെയും സുരക്ഷിതമായ തിരിച്ചിറങ്ങലിലെ സഹകരണമുൾപ്പെടെ കരാറിന്റെ ഭാഗമായിരുന്നു. കോക്കോസ് ദ്വീപിൽ നിരീക്ഷണകേന്ദ്രം ഉൾപ്പെടുന്ന താത്കാലിക ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ ഇന്ത്യൻ സംഘം ദ്വീപ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പേടകം വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ ഐ.എസ്.ആർ.ഒ.യിൽ നടക്കുന്നതിനിടെയാണ് ട്രാക്കിങ് ആന്റിന ഓസ്ട്രേലിയൻ ദ്വീപിലെത്തിച്ചത്.



